ഗുരുവന്ദനം

oഎല്ലാ വർഷവും അധ്യാപക ദിനത്തിന് ഗുരുവന്ദനം നടത്താറുണ്ട്...കുട്ടികൾ പൂക്കളും കൊച്ചു സമ്മാനങ്ങളും തരാറുണ്ട്...അവരുടെ സ്നേഹം ചിത്രങ്ങളും ഉണങ്ങിയ ഇലകളുമായി എന്നും എന്റെ മേശയിൽ എത്താറുണ്ട്...എത്ര തന്നെ ആയാലും ഓരോ കൊച്ചു സമ്മാനവും അമൂല്യമായി തന്നെയാണ് ഞാൻ കരുതുന്നത്...അവർ പാദത്തിൽ തൊടുമ്പോൾ എന്നിലൂടെ കടന്നുപോകുന്ന വൈബ്രേഷൻസ് എന്നിൽ എളിമ നിറയ്ക്കുന്നു..നമ്മൾ അറിയാതെ നിറയുന്ന കണ്ണുകളോടെ കൈകൾ അവരുടെ മൂർധാവിൽ അമർത്തുന്നു...മനസ്സ് ദീര്ഘായുഷ്മാൻ ഭവ,;എന്ന് മന്ത്രിച്ചു പോവുന്നു.

വർഷങ്ങൾ എത്ര കഴിഞ്ഞാലും അത്തരം നിമിഷങ്ങൾ ജീവിതത്തിൽ അമൂല്യമായവ തന്നെ.ഇന്ന് എന്നെ കാണാൻ ഒരു കൊച്ചു പേനയുമായി അഞ്ചാം തരത്തിൽ നിന്നൊരു ആണ്കുട്ടി എത്തി...കാലിൽ അണിഞ്ഞ ഷൂസ് പുറത്തു ഊരി വച്ചാണ് അകത്തു വരാൻ അനുവാദം ചോദിച്ചത്.അടുത്തു വന്ന് ആ കൊച്ചു സമ്മാനം എന്റെ കൈകളിൽ തന്ന് എന്റെ പാദങ്ങളിൽ കുഞ്ഞു കൈകൾ കൊണ്ട് തൊട്ടു...

നെറുകയിൽ കൈവെച്ചു അനുഗ്രഹിക്കുന്നതിന് ഒപ്പം ഞാൻ അവനെ ചേർത്തു പിടിച്ചു പറഞ്ഞു...സമ്മാനങ്ങൾ അല്ല വലുത്...അവ ഇല്ലെങ്കിലും നിങ്ങൾക്ക് നേരിൽ വന്ന് അനുഗ്രഹങ്ങൾ വാങ്ങാം...എനിക്ക് സമ്മാനം തരുന്നത് മോൻ സ്വന്തമായി ജോലി നേടിയതിന് ശേഷം മാത്രം മതിയാവും...അധ്യാപകർക്ക് നൽകാൻ സമ്മാനങ്ങൾ വാങ്ങിക്കാൻ ബുദ്ധിമുട്ടുന്ന അച്ഛനമ്മമാരെ ഓർത്താണ് ഞാൻ അതു പറഞ്ഞത്..

പക്ഷെ അവന്റെ മറുപടി എന്നിലെ അഹങ്കാരത്തെയും അഹം എന്ന ബോധത്തെയും  അടിച്ചമർത്തിക്കളഞ്ഞു..*
മാം ...ഇത് ഞാൻ എന്റെ കൊച്ചു സമ്പാദ്യകുടുക്കയിൽ  സൂക്ഷിച്ചു വച്ച പണത്തിൽ നിന്നാണ് വാങ്ങിയത്* .. ഒരു നിമിഷം മുഴുവനും വേണ്ടി വന്നു...അവൻ പറഞ്ഞത് മനസ്സിലാക്കാൻ...ഒരു വിങ്ങലോടെ സ്നേഹത്തോടെ  അവനെ
..മാറോട് ചേർക്കാതിരിക്കാൻ ആയില്ലെനിക്ക്.

ചിലപ്പോൾ ഒക്കെ നമ്മൾ കുട്ടികളുടെ മുൻപിൽ എത്ര ചെറുതായി പോകുന്നു..!!
അവർ നമുക്ക് തരുന്ന കരുതലും സ്നേഹവും നമുക്ക് തിരിച്ചു കൊടുക്കാൻ ആവുന്നുണ്ടോ...ചിന്തിക്കേണ്ടിയിരിക്കുന്നു.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ