ഇഷ്ടദേവൻ
ഭഗവാൻ വിഷ്ണുവിന്റെ രൂപമായ വെങ്കിടാചലപതി ആണ് ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ഇഷ്ടദൈവം. അമ്പലങ്ങൾ തച്ചുടയ്ക്കുകയും പൂജകളും വേദ പഠനങ്ങളും നിരോധികപ്പെടുകയും ക്രൂരമായ മത പീഡനങ്ങൾക്ക് ഇരയായപ്പോഴും ഗോവയിൽ നിന്ന് പലായനം ചെയ്യുമ്പോഴും അവർ കൈവിടാതെ കൂടെ കൊണ്ടുവന്നത് അവരുടെ സംസ്കാരവും ഭാഷയും വിശ്വാസങ്ങളും നിത്യപൂജ ചെയ്തു കൊണ്ടിരുന്ന വിഗ്രഹങ്ങളും ആയിരുന്നു..
അവ അവരുടെ വാസസ്ഥലത്ത് സൂക്ഷിക്കുകയും പിന്നീട് അമ്പലങ്ങൾ നിർമ്മിച്ചു പ്രതിഷ്ഠ നടത്തി ആരാധിക്കുകയും ചെയ്തു പോന്നു. ഹുണ്ടികൾ എന്നു വിളിക്കുന്ന കൊച്ചു ഭണ്ഡാരങ്ങളിൽ അവർ സമ്പാദ്യത്തിലെ ഒരു വിഹിതം സൂക്ഷിക്കുക പതിവാണ്.. അവ നിറയുന്ന അവസരത്തിൽ കുടുംബത്തിലെ മുതിർന്ന വ്യക്തി ബ്രാഹ്മണർക്ക് യഥാവിധി അന്നദാനവും വസ്ത്രദാനവും യഥാശക്തി മറ്റു ദാനങ്ങളും നടത്തിയാണ് തിരുപ്പതി ദർശനത്തിന് ഒരുങ്ങുക. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഭഗവത്ദർശനം ഓരോ ഗൗഡസരസ്വാതരുടെയും സ്വപ്നം ആണ്.അതിനായി അവർ സമ്പാദ്യത്തിന്റെ ഒരു ഭാഗം സൂക്ഷിച്ചുവെയ്ക്കുന്നു.
തിരുപ്പതി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധക്ഷേത്രമാണ് തിരുമല വെങ്കടേശ്വര ക്ഷേത്രം .പരമാത്മാവായ(പരബ്രഹ്മൻ)മഹാവിഷ്ണുവിനെ "വെങ്കടേശ്വരൻ" എന്ന പേരിൽ മഹാലക്ഷ്മി, ഭൂമീദേവീ സമേതനായി ആരാധിയ്ക്കുന്നു. ഭൂദേവി ഇവിടെ 'പദ്മാവതി' എന്ന പേരിൽ അറിയപ്പെടുന്നു. തമിഴ് ഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ 108 ദിവ്യദേശങ്ങളിലൊന്നാണിത്. പൂർവ്വഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന തിരുമലയിലെ ഏഴ് കുന്നുകളിൽ (ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, ഋഷഭാദ്രി, നാരായണാദ്രി, വെങ്കടാദ്രി) അവസാനത്തേതായ വെങ്കടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ ക്ഷേത്രം സപ്തഗിരി ( Saptagiri ; सप्तगिरी സംസ്കൃതം) അറിയപ്പെടുന്നു. 'സ്വാമി പുഷ്കരിണി' എന്നറിയപ്പെടുന്ന വലിയൊരു കുളത്തിന്റെ കരയിലാണ് ക്ഷേത്രം. മുഖ്യപ്രതിഷ്ഠയായ വെങ്കടേശ്വരൻ ബാലാജി, ശ്രീനിവാസൻ, ഗോവിന്ദൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. തല മുണ്ഡനം ചെയ്യുക, കാണിക്കയർപ്പിക്കുക എന്നിവയാണ് പ്രധാന വഴിപാടുകൾ. ഐശ്വര്യത്തിനും മോക്ഷപ്രാപ്തിക്കുമായി ധാരാളം ഭക്തർ ഇവിടെ ദർശനം നടത്തുന്നു.
ഇത്രയും കഷ്ടപ്പാടുകൾ സഹിച്ചു നേടിയ സംസ്കാരവും വിശ്വാസങ്ങളും വേണ്ട രീതിയിൽ സംരക്ഷിക്കപ്പെടുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.അവ തലമുറകൾക്ക് പകർന്നു കൊടുക്കുകയും വേണ്ടതാണ്.എങ്കിൽ മാത്രമേ പുതിയ തലമുറ രാഷ്ട്ര സ്നേഹവും ഭാഷ സ്നേഹവും സ്വന്തം സംസ്കാരത്തിൽ അഭിമാനവും ഉള്ള പുതു തലമുറ ഉയർന്നു വരികയുള്ളൂ.
Comments
Post a Comment