ഗായത്രിയുടെ പിറന്നാൾ
ഹൃദയത്തിൽ പുഞ്ചിരി വിരിയിക്കുന്ന മാജിക് ഇപ്പോൾ എന്റെ കുട്ടികൾക്കും അറിയാം. ഇന്ന് ഗായത്രിയുടെ 15ത് ജന്മദിനം ആണ്.ഞങ്ങളുടെ ആദ്യ വിദ്യാലയം Gayathri play n learn മണ്ണഞ്ചേരിയിൽ ആരംഭിച്ച ദിവസം. നല്ലൊരു പ്രാർത്ഥനയോടെ ആരംഭിച്ച മലയാളം അസംബ്ലി യിൽ അവർ എനിക്ക് പൂക്കളും ചിത്രങ്ങളും സമ്മാനമായി നൽകി .കുഞ്ഞു കവിതകൾ അവതരിപ്പിച്ചും ശിശുദിനത്തെ പറ്റി സംസാരിക്കുകയും ചെയ്ത് അവർ എന്റെ ഹൃദയത്തിൽ പുഞ്ചിരി വിരിയിച്ചു.
വലിയ കൂട്ടുകുടുംബത്തിലെ മൂത്ത ചേച്ചിയായി ജനിച്ച ഞാൻ എപ്പോഴാണ് വീട്ടിലെ കുഞ്ഞുങ്ങളുടെ സംരക്ഷണവും മറ്റു കാര്യങ്ങളും നോക്കി തുടങ്ങിയത് എന്ന് ഓർമ്മയില്ല..പക്ഷെ 15 വയസ്സിൽ , പാഠങ്ങൾ പറഞ്ഞുകൊടുക്കുന്ന ,കഥകൾ പറയുന്ന പുസ്തകങ്ങൾ വായിച്ചു കൊടുക്കുന്ന ,ലോക ക്ലാസിക് സിനിമകൾ വീഡിയോ കാണിച്ചു കൊടുക്കുന്ന,തെറ്റുകൾ കണ്ടാൽ ശാസിക്കുന്ന..ചേച്ചിയായും അമ്മയായും കൂട്ടുകാരി ആയും രൂപം മാറുന്ന ഒരു അധ്യാപിക എന്നിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.അപ്പോൾ എനിക്ക് ചുറ്റും വീട്ടിലെ കുട്ടികൾ കൂടാതെ 20ഓളം കുട്ടികൾ ഉണ്ടായിരുന്നു.
അവരോട് ഒപ്പം ബാട്മിന്ടൻ ,ചെസ്സ്,കളിച്ചും സൈക്കിൾ ചവിട്ടിയും..ഊഞ്ഞാൽ ആടിയും പുസ്തകങ്ങൾ വായിച്ചും കഴിഞ്ഞ ആ കാലത്താണ് ഞാൻ എന്നെ ഏറ്റവും സ്നേഹിച്ചത്. ഒരുപാട് അറിവുകൾ പഠിക്കാനും പങ്കുവയ്ക്കാനും പറ്റിയ കൂട്ടുകാർ ആയിരുന്നു അവർ എല്ലാം...തകഴിയുടെ കയറും..ബഷീറും മാധവിക്കുട്ടിയും...ഞങ്ങളുടെ കഥകളിൽ കയറിവന്നു...ആകാശദൂതിലെ അമ്മയോടൊപ്പം കരയുകയും മൗഗ്ലിയോടൊപ്പം കളിക്കുകയും മഹാഭാരത കഥകൾ കണ്ട് അവ ചർച്ച ചെയ്യുകയും ചെയ്തകാലം..പാലക്കാട്ടെ കുന്നിൻ ചരിവുകളിലും..കൊച്ചു അരുവിയിലും.. പാടത്തും.. ദിവസങ്ങൾ മുഴുവൻ ചെലവിട്ട കാലം.അതായിരുന്നു ഏറ്റവും മനോഹരമായ കാലഘട്ടം.
ഒരു വിദ്യാലയത്തിൽ നിന്ന് ലഭിക്കാത്ത അത്രയും അറിവുകൾ ഞാൻ അന്ന് ആ കുടുംബത്തിൽ നിന്നും കുട്ടികളിൽ നിന്നും നേടി...വിവാഹം..എന്ന പറിച്ചുനടൽ എന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയില്ല എങ്കിലും സാഹചര്യങ്ങൾ..മക്കൾ എന്നിവ എന്നെ വീട്ടിൽ ഒതുക്കി നിർത്തി.മോൾക്ക് 4 വയസ്സായപ്പോൾ ആണ് അവളെ പിരിയാനുള്ള ബുദ്ധിമുട്ടും കുട്ടികളോടൊത് കഴിയാം എന്ന മോഹവും എന്നെ play school എന്ന സംരംഭത്തിലേക്ക് എത്തിച്ചത്.
ഞാനും മോളും മാത്രമായി തുടങ്ങിയ വിദ്യാലയം..ഇന്ന് 8th std വരെയുള്ള വിദ്യാലയമായി വികസിച്ചു...അവരുടെ ഉയർച്ച മാത്രം ലക്ഷ്യമാക്കിയുള്ള പ്രവർത്തനത്തിൽ ഞങ്ങൾ മറ്റെല്ലാ ആവശ്യങ്ങളും മാറ്റിവച്ചു...Gayathri Play n learn ൽ നിന്ന് Gayathri.. The manthra of learning ആയി മാറി...അമ്പലപ്പുഴയിലും ചേർത്തലയിലും ഗായത്രി എന്ന പേരിൽ തന്നെ kindergarten ആരംഭിച്ചു.
പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കുറെ സന്തോഷം തോന്നുന്നുണ്ട്..ഇത്രയും ഒക്കെ വളർന്നതിൽ അല്ല... കുറെ കുഞ്ഞുങ്ങൾക്ക് അമ്മയായും ചേച്ചിയായും വഴികാണിക്കാൻ ആയതിൽ..അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ആയതിൽ...ആഘോഷങ്ങൾ പതിവില്ലെങ്കിലും ഇന്ന് അവരോട് ഒപ്പം ഇത്തിരി സമയം ചിലവാക്കുന്നത് ആനന്ദകരമാണ്.അവരോട് ഒപ്പം കൂടുമ്പോൾ ഞാൻ ഇപ്പോഴും ആ പതിനഞ്ചുകാരി തന്നെ ആയിപ്പോകും.... കാലം അവിടെ നിശ്ചലമായിത്തീരും.
Comments
Post a Comment