മനസ്സ്
മനസ്സ് ഒരു കുതിരയെ പോലെയാണ്...അതിങ്ങനെ കുതിച്ചു പാഞ്ഞുകൊണ്ടേയിരിക്കും വായുവിനെക്കാൾ വേഗത്തിൽ.. മനസ്സിനെ പിടിച്ചു കെട്ടുക വായുവിനെ പിടിച്ചു കെട്ടുന്നതിനേക്കാൾ ദുഷ്കരമാണെന്ന് ഭഗവാൻ കൃഷ്ണൻ അര്ജുനനോട് പറയുന്നുണ്ട്.അഭ്യാസവും വൈരാഗ്യവുമാകുന്ന രണ്ടു കയറുകൊണ്ടു മനസ്സിനെ ബന്ധിക്കാവുന്നതാണ് എന്ന്.
കുറച്ചു നാളായി അമ്പലപ്പുഴ കണ്ണനെ കണ്ടിട്ട്. പുരുഷസൂക്തം ഉപാസനതുടങ്ങുന്നതിന് മുൻപ് പാർത്ഥസാരഥി ആയ അമ്പലപ്പുഴ കണ്ണനെ തൊഴണം എന്ന് ഉള്ളിൽ ഒരു ആഗ്രഹം ഉണ്ടായിരുന്നു,ഇന്നാണ് അവസരം ലഭിച്ചത്. കുറച്ചു യൂണിഫോമിൽ ഉള്ള സ്കൂൾ കുട്ടികൾ ഇലകൾ പൊഴിഞ്ഞ ആൽമരത്തിന്റെ ചുവട്ടിൽ കൂട്ടം കൂടി നിന്നത് ഒഴിച്ചാൽ അമ്പലത്തിൽ ആളുകൾ തീരെ കുറവായിരുന്നു.ആനക്കൊട്ടിലിൽ ഭാഗവാന്റെ വാഹനമായ ആന ശാന്തനായി പനയോല ഒടിച്ചു മടക്കി കഴിക്കുന്നു.
അമ്പലത്തിന്റെ ഉള്ളിൽ ഇടയ്കയുടെയും മറ്റും ശബ്ദം ഉയരുന്നുണ്ട്..ഭഗവാന്റെ അഭിഷേകം നടക്കുന്നു...ഗംഗാതീര്ഥവും പാലും കൊണ്ടുള്ള അഭിഷേകം കണ്ണ് നിറയെ കാണാനും അഭിഷേക തീർത്ഥം സേവിക്കാനും കഴിഞ്ഞു..മനസിനുള്ളിലെ പ്രാർത്ഥനയ്ക്ക് ഉള്ള അനുഗ്രഹം പോലെ.
അഭിഷേകം കഴിഞ്ഞു ഭഗവത് വിഗ്രഹം തുടച്ചു വൃത്തിയാക്കി പട്ട് വസ്ത്രം ധരിപ്പിച്ചു നിറയെ കല്ലുകൾ പതിച്ച സ്വർണ്ണ മാലയും തുളസി കോർത്ത വലിയ മാലകൾ കൊണ്ടും അലങ്കരിച്ചു ഭഗവാൻ ഒരുങ്ങി നിന്നു...അനുഗ്രഹ ഭാവത്തിൽ..തിരക്ക് കുറവായത് കൊണ്ട് മനം നിറയെ തൊഴാൻ പറ്റി..
തൊഴാൻ വന്നവരിൽ പലരും വിഷ്ണു സഹസ്രനാമം ചൊല്ലി കൊണ്ടാണ് പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നത്.പ്രായമുള്ള ഒരാൾ ഭഗവാന് നേരെ മുന്നിൽ തന്നെ ഇരുന്ന് മനോഹരമായി ഓടക്കുഴൽ വായിക്കുന്നത് കേട്ടു.ഇവയെല്ലാം എന്നും കടന്നു പോകുന്ന ദിവസങ്ങളിൽ നിന്ന് ഇന്നത്തെ ദിനം എനിക്ക് വ്യത്യസ്തമാക്കി തന്നു.
മനസ്സ് സ്ഥൂലശരീരത്തിന് ഉള്ളിലെ സൂക്ഷ്മ ശരീരമാണ്.മനസ്സാണ് മനുഷ്യന് സ്വർഗ്ഗവും നരകവും സൃഷ്ടിച്ചു കൊടുക്കുന്നത്.നമ്മുടെ ബന്ധുവും ശത്രുവും മനസ്സുതന്നെ.മനസ്സ് ലയിക്കേണ്ടത് ശരീരത്തിൽ അല്ല.. മനസ്സ് ലയിക്കേണ്ടത് ഭഗവാനിൽ ആണ്.മനസ്സും ഭഗവാനും ഒന്നായി തീരുമ്പോൾ നമ്മൾ പരമശാന്തിയിൽ എത്തും..ഇതു നമുക്ക് ഉപദേശിച്ചു തന്ന ഭഗവാൻ ശ്രീകൃഷ്ണന്റെ മുന്നിൽ ചെന്നു നമ്മൾ അതുതന്നെ അല്ലെ യാചിക്കേണ്ടത്...
എന്നും എന്റെ മനസ്സ് നിന്നിൽ തന്നെ ലയിക്കാൻ..നിന്നോടുള്ള ഭക്തിയാൽ ..വിശ്വാസത്താൽ ..നിറഞ്ഞു നിൽക്കാൻ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ മടങ്ങി.
Comments
Post a Comment