ഓർമ്മയിലെ മാറാത്ത വീട്

ഓർമ്മയിലെ ചെറിയച്ഛന്റെ കയ്യിൽ എപ്പോഴും ഒരു കാമറ കാണും...കൂടെ   കൈത്തറി കോട്ടൻ സാരി മാത്രം ഉടുക്കുന്ന സുന്ദരിയായ ചെറിയമ്മയും..അവർ ഒരുമിച്ച് അല്ലാതെ എവിടെയും കണ്ടിട്ടില്ല.എപ്പോഴും  തിരക്കുകൂട്ടുന്ന ചെറിയച്ഛന്റെ പുറകിൽ ചിരിച്ചു സാന്ത്വനിപ്പിച്ചു  ചെറിയമ്മയും ഉണ്ടാവും. ഗ്രാമത്തിലെ കുന്നുകളും മലകളും പാടങ്ങളും കുട്ടികളും കുടുംബാഗ ങ്ങളും ചിത്രങ്ങൾ ആയി അദ്ദേഹത്തിന്റെ ക്യാമറയിൽ നിറഞ്ഞു നിന്നു.അവ  ആൽബങ്ങളിൽ  ഓർമ്മകൾ ആയി വിശ്രമിച്ചു.

പട്ടണത്തിൽ അവരുടെ വീട് മാത്രം മറ്റ് എല്ലാവരിൽ നിന്നും  വേറിട്ട് നിന്നിരുന്നു.നിറയെ പച്ച നിറത്തിൽ ഉള്ള ചെടികളും മരങ്ങളും കൊണ്ട് മൂടിയ കുഞ്ഞൊരു ഓടിട്ട വീട്... മുറികൾ ചെറുതെങ്കിലും എല്ലാ സൗകര്യങ്ങളും ഉള്ളത്..തണുപ്പും ഇരുട്ടും കൂടുകൂട്ടുന്ന കുഞ്ഞു കിളിക്കൂടിനെ എപ്പോഴും അത് എന്നെ ഓർമ്മിപ്പിക്കും.പഞ്ചാരപ്പഴം എന്നു വിളിക്കുന്ന മരച്ചുവട്ടിൽ ആണ് ഞങ്ങൾ കുഞ്ഞുങ്ങൾ എല്ലാം ഒത്തു കൂടുക.

മുറിയിലെ കൊച്ചു ലൈബ്രറിയിൽ ഫാന്റം ,താർസെൻ തുടങ്ങി ...വ്യത്യസ്തമായ ചിത്രകഥകൾ .എല്ലാ മേഖലകളിലും ഉള്ള പുസ്തകങ്ങൾ.പുതിയ സിനിമ വിഡിയോ ശേഖരം...പിന്നെ ടോം ആൻഡ് ജെറി കാർട്ടൂണുകൾ ..ചാനലിൽ മാറി മാറി വരുന്ന ഹിന്ദി ഗാനങ്ങൾ... ആമിർ ഖാനും ..സൽമാൻ ഖാനും.. പിന്നെ ജാക്കി ഷ്‌റോഫും സ്വപനത്തിലും  tv യിലും നിറഞ്ഞ കാലം...ചെറിയമ്മ ഇഞ്ചിയും പച്ചമുളകും ചേർത്തു ഉണ്ടാക്കി തരുന്ന മോരിൻ വെള്ളത്തിന്റെ രുചി...കാബേജ് ചേർത്തു ഉണ്ടാക്കുന്ന ഉണ്ടിയുടെ മണം....വാഹനങ്ങളിൽ നിന്നും വരുന്ന പുകയും പൊടിയും തടഞ്ഞു നിർത്തുന്ന വൻമരങ്ങൾ.

എപ്പോഴും ചിരിച്ചു കൊണ്ട് പ്രിയ എന്നു വിളിച്ചു പുറകെ നടക്കുന്ന സ്നേഹനിധികൾ ആയ അനുജത്തിമാർ..അവരുടെ വ്യത്യസ്ത ങ്ങളായ വസ്ത്രങ്ങൾ... കുഞ്ഞു അഭരണപ്പെട്ടിയിലെ കമ്മലുകൾ...എടുത്തു നടക്കാൻ വേണ്ടി വഴക്കു  കൂടുന്ന ഒരു അനിയനും ..എല്ലാം ചേർന്നതായിരുന്നു ഓർമ്മകളിൽ എന്റെ ചെറിയച്ഛന്റെ കുടുംബം.

ജീവിതം ,വിവാഹം, കുടുംബം ,കുട്ടികൾ ഇവയെല്ലാം എന്നെ ഈ കുഞ്ഞു  വീട്ടിൽ നിന്ന് അകറ്റിനിർത്തപ്പെടാൻ കാരണമായി.. വർഷങ്ങളോളം...ഒന്നിച്ചു ഒരു കുടുംബമായി കഴിഞ്ഞിരുന്ന അവരുടെ വിവാഹത്തിനോ മറ്റു വിശേഷങ്ങൾക്കൊ പല കാരണങ്ങൾ കൊണ്ട് ഒത്തുചേരാൻ സാധിച്ചിരുന്നില്ല.എന്നാലും മനസ്സിന്റെ ഉള്ളിലെ പത്തു വയസ്സുകാരിയുടെ മഞ്ചാടി ചെപ്പിൽ അവയെല്ലാം നിറം മങ്ങാതെ പൊടി പിടിക്കാതെ ഇരുന്നിരുന്നു.

അവരെയെല്ലാം കാണാൻ ഒരു അവസരം ഒത്തു കിട്ടിയപ്പോൾ ഞാനും വിട്ടുകൊടുത്തില്ല.  രണ്ട് ആഴ്ച്ച മുൻപിലെ ഞായറാഴ്ച ആ പഴയ വീട് തേടി ഞാൻ എത്തി...വളവു തിരിഞ്ഞു വീടിന് മുന്നിൽ എത്തിയതും എന്റെ മനസ്സ് ആനന്ദം കൊണ്ട് തുള്ളിപ്പോയി...അന്നത്തെ ആ കൊച്ചു വീട് ഇന്നും ഒരു മാറ്റവും വരാതെ മരങ്ങൾക്കിടയിൽ ഒളിച്ചു നിന്നിരുന്നു.. കുഞ്ഞു ഗേറ്റ് തുറന്ന് അകത്തു കയറിയപ്പോൾ മുറ്റത്തെ ചെടികളും പൂക്കളും എന്നെ ആനന്ദത്തോടെ സ്വീകരിച്ചു.

മുറ്റത്തെ ചവിട്ടുപിടിയിൽ സ്വീകരിച്ച ചെറിയമ്മയുടെ മുഖത്തു ആനന്ദവും അത്ഭുതവും നിറഞ്ഞ ആ പഴയ  പുഞ്ചിരിയുണ്ടായിരുന്നു.അവരുടെ വീട്ടിൽ കാലം നിശ്ചലമായിരുന്നു.വർഷങ്ങളുടെ മാറ്റം എന്നിൽ പ്രകടമായിരുന്നു ...പണ്ടത്തെ പാവടക്കാരി വലുതായി. കുടുംബിനിയായി..അമ്മയായി ...എങ്കിലും ആ കുഞ്ഞു വീടും ചെറിയച്ചനും ചെറിയമ്മയും , ചെറിയമ്മയുടെ ചുണ്ടിലെ പുഞ്ചിരി പോലും ഇന്നും ഒരു മാറ്റവും ഇല്ലാതെ നിലനിന്നു.വീടിനുള്ളിലെ കുളിർമയും തണുപ്പും സൂര്യവെളിച്ചവും എന്നിൽ ഊർജം നിറച്ചു..

ചിരിയും വിശേഷങ്ങളുമായി സമയം കടന്നുപോയത് അറിഞ്ഞില്ല...ചെറിയമ്മയുടെ സ്‌പെഷ്യൽ മോരും വെള്ളം കുടിച്ചാണ് അവിടെ നിന്ന് ഇറങ്ങിയത്... തിരിച്ചിറങ്ങുമ്പോൾ ചെറിയച്ഛനോട് ആ വീട് അതുപോലെ സൂക്ഷിച്ചതിന് എനിക്ക് നന്ദി പറയാതിരിക്കാൻ ആയില്ല..കോണ്ക്രീറ്റ് വനത്തിനുള്ളിൽ  തിങ്ങി വിങ്ങി ജീവിക്കുന്ന ജനങ്ങൾക്ക് ഇടയിൽ ഇവർ ഒരു  വ്യത്യസ്ത മാതൃക തന്നെ.മനുഷ്യൻ പ്രകൃതിയാണ്...പ്രകൃതിയോട് ഇണങ്ങിയാണ് അവൻ ജീവിക്കേണ്ടത് എന്ന് അവർ ജീവിതം കൊണ്ട്  തന്നെ നമുക്ക് കാണിച്ചു തന്നു.

ഇനിയും ഇനിയും വർഷങ്ങൾ ഒരുമിച്ച് തന്നെ മുന്നോട്ട് പോവാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ... നിങ്ങൾ ഇല്ലാത്ത ആ വീട് എന്നും അപൂര്ണമായിരിക്കും...വീട് നിറയെ പുഞ്ചിരിയും ആനന്ദവും നിറച്ചുകൊണ്ട് എന്നും ഞങ്ങൾക്ക് ഓടി വരാൻ പ്രചോദനം ആയിക്കൊണ്ട്  ഇരിക്കാൻ ...പ്രാർത്ഥിച്ചു കൊണ്ട്.... വിവാഹദിന മംഗള ആശംസകൾ നേരുന്നു.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ