അവധിക്കാലത്തെ ആദ്യമോഹം അമ്മയെ കാണുക എന്നാണ്..എന്നാൽ അതിലും ഏറെ മോഹം കണ്ണനെ കാണുക തന്നെ.കാലത്തും വൈകിട്ടും ദർശനം... തീർത്ഥം, പൂവ് ,ചന്ദനം പിന്നെ നല്ല ശർക്കര പാനിയിൽ വേവിച്ച അരിച്ചേർത്തു ഉണ്ടാക്കുന്ന സ്‌പെഷ്യൽ പായസം....അതിന്റെ മുകളിൽ വിതറിയ ചുക്കുപൊടിയുടെ മണം.... അമ്പലത്തിന്റെ  ചുറ്റിനും വളർന്നു കിടക്കുന്ന പുല്നാമ്പുകളിലെ വെള്ളത്തുള്ളികൾ പാദങ്ങളിൽ നനച്ചു കൊണ്ടുള്ള നടത്തം...വൈകുന്നേരങ്ങളിൽ ദൂരെ പാടത്തോളം നീളുന്ന സവാരികൾ...അമ്മയും ഒത്തുള്ള കൊച്ചു ഷോപ്പിങ്ങുകൾ .. സന്ധ്യ പൂജയ്ക്ക് തയ്യാറാക്കിയ ഉണ്ണിയപ്പത്തിൽ നിന്ന് ഒരു പങ്ക്...ഇവയൊക്കെ ഇല്ലാതെ എന്ത് അവധിക്കാലം.

ഭട്ട് മാം പൂജിച്ചു തരുന്ന കറുത്ത ചരടുകൾ... ചാണക്കല്ലിൽ ഉരച്ചെടുത്തു ഭഗവത് പാദത്തിൽ വച്ചു പൂജിച്ച ഒരു ഉരുള നനുനനുത്ത തണുപ്പുള്ള ചന്ദനം...പിന്നെ അമ്മ പശുവിൽ പാലിൽ നിന്നു തയ്യാറാക്കിയ ശുദ്ധമായ സുഗന്ധം നിറഞ്ഞ പശുവിൻ നെയ്യ്...മുറിച്ചു വെയിലത്തു ഉണക്കി നല്ലെണ്ണയിൽ വാട്ടി ഉപ്പും മുളകുപൊടി യും കായവും ചേർത്തു ഉണ്ടാക്കുന്ന മാങ്ങ നാരങ്ങാ പുളി അച്ചാറുകൾ....പാടത്തുനിന്ന് പറിച്ചെടുത്തു അരച്ചുനീരെടുത്ത് വെളിച്ചെണ്ണ യിൽ കാച്ചി എടുക്കുന്ന കയ്യോന്നി അഥവാ കഞ്ഞുണ്ണി എണ്ണ... ഇവയൊക്കെ കുത്തി നിറച്ചു  ബാഗുമായി ഉള്ള മടക്കം..ഇനി അടുത്ത അവധിക്കാലം വരെ ഉള്ള ഊർജമാണ് ഈ ബാഗ് നിറയെ..😍😍

ഇത്തവണ ഒരു സന്തോഷം പകരുന്ന കാഴ്ച്ച കണ്ടുകൊണ്ടാണ് മടക്കം.അമ്പലത്തിന്റെ മുൻവശത്തെ മതിൽ കുറെ വർഷങ്ങളായി വീണ് കിടക്കുകയാണ്. എന്റെ മുതുമുത്തശ്ശൻ സ്വന്തം കൈകൊണ്ട് ഓരോ കല്ലുകൾ ആയി കെട്ടി നിർമ്മിച്ച ആ മതിലിൽ അദ്ദേഹത്തിന്റെ ഭക്തി നിറഞ്ഞു നിൽക്കുന്നുണ്ട്..ഓരോ തവണയും വരുമ്പോൾ മതിൽ കാണുമ്പോൾ അത് ഓർക്കും.ആ മതിലിൽ തൊടുമ്പോൾ അദ്ദേഹത്തിന്റെ സ്‌നേഹവും കരുണയും നിറഞ്ഞ സ്പർശം എനിക്ക് അറിയാനാകും.ഇപ്പോൾ ആ മതിൽ പുനര്നിര്മ്മിക്കുകയാണ് ഭക്തർ മുൻകൈ എടുത്ത്.. ഞാനും ഒരു കുഞ്ഞു സംഭവനയുമായി അതിൽ പങ്കു ചേരുന്നു.വെട്ടുകല്ലിൽ തീർത്ത മുകൾ വശം ഉരുട്ടിയ അതേ മതിലിന്റെ ഷെയ്പ്പിൽ തന്നെയാണ് പുതിയ മതിലും..സിമന്റ് ഇഷ്ടിക ആണെന്ന് മാത്രം.

ഒരു നൂറ്റാണ്ടിൽ അധികം പഴക്കമുള്ള വീട്ടിലെ അറയിൽ വർഷങ്ങളോളം പൂജിച്ച കണ്ണന്റെ ക്ഷേത്രം അങ്ങിനെ പുനഃ രുദ്ധാരണം നടത്തുകയാണ്...കുടുംബ ക്ഷേത്രം ആയി നിർമ്മാണം ആരംഭിച്ചു പൂർത്തിയാക്കാൻ ആവാതെ വിഷമിച്ച അപ്പൂപ്പന്റെ ഓർമ്മ ഇന്നും അമ്പലത്തിന്റെ ചുറ്റിനും ഉണ്ട്. അദ്ദേഹം ഇത് കണ്ട് സന്തോഷിക്കുന്നുണ്ടാവും..

ക്ഷേത്രം പുരോഗമിക്കുകയും നിത്യപൂജ മുതലായ കാര്യങ്ങൾ കൂടുതൽ ഭംഗിയായി നടക്കണേ എന്നും ഒരു പ്രാർത്ഥന ഉള്ളിൽ ഉണ്ട്.അതുകൊണ്ട് ആവും എത്ര ദൂരെ പോയാലും കണ്ണനെ കാണാൻ ഓടിയെത്തുന്നത്.ഇത്തവണത്തെ അവധി പെട്ടെന്ന് തീർന്നു.ബാഗുകൾ  സാധനങ്ങൾ മുറുക്കികെട്ടി തയ്യാറാക്കുകയാണ്..മടക്കയാത്രയ്ക്ക്...ഇനി അടുത്ത അവധിക്കാലം വരെ..വിട.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.