പുതുവത്സരം
2018 അവസാനിക്കുകയാണ്....ഈ വർഷത്തെ അവസാനദിനങ്ങൾ അമ്മയുടെ ഒപ്പം ആയിരുന്നു... വളരെ കുഞ്ഞുനാൾ മുതൽ ഉള്ള കാര്യങ്ങൾ ഓർമ്മയിൽ നിന്ന് അമ്മയോട് പങ്കു വെച്ചു.പലതും എന്റെ ഓർമ്മയിൽ എങ്ങിനെ നിലനിന്നു എന്ന് അമ്മയ്ക്ക് തന്നെ അത്ഭുതം ആയി..കല്ലാറ്റിലെ പുഴയോരത്തെ കുരുമുളക് മണക്കുന്ന പുല്ലുമേഞ്ഞ അമ്മയുടെ വീടും... അസമയത്ത് മുന്നറിയിപ്പ് ഇല്ലാതെ കയറി വരുന്ന മകൾക്കും കുടുംബത്തിനും ഇരുട്ടിൽ പറമ്പിലെ കപ്പതോട്ടത്തിൽ നിന്നു പറിച്ചു വെട്ടി കീറി പുഴുങ്ങി ഉള്ളിയുംമുളകും ചതച്ചതും കൂട്ടി വിളമ്പിയ അമ്മമ്മയും...കുരുമുളക് വിറ്റു കിട്ടിയ പൈസ കൊണ്ട് ചെറിയമ്മയ്ക്ക് ആദ്യമായി വാങ്ങിയ കുഞ്ഞു സ്വർണ്ണമാല നടക്കാൻ പഠിക്കാത്ത അനിയന്റെ കഴുത്തിൽ ഊരി ഇട്ടതും...കാലിലെ വെള്ളിക്കോലുസ് അഴിച്ചെടുത്തു എന്റെ പാദത്തിൽ അണിഞ്ഞു തന്നതും ഇന്നും ഓർമ്മയിൽ ഉള്ളത്കൊണ്ടാണ് ജീവിതത്തിൽ പലരും എന്നോട് കാണിക്കുന്ന ചതിയും വഞ്ചനയും ക്ഷമിക്കാൻ എനിക്ക് സാധിക്കുന്നത്..മറ്റുള്ളവർ നമുക്കായി ചെയ്തു തന്ന കുഞ്ഞു നന്മകൾ ആണ് വേദനകളിൽ പ്രകാശം പരത്തുന്നത് എന്ന് എങ്ങിനെയാണ് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുക.മൂല്യങ്ങൾ ഉൾക്കൊള്ളുക എന്ന ആശയം എങ്ങിനെയാണ് മറ്റുള്ളവരുടെ ഉള്ളിൽ എത്തിക്കുക എന്നറിയാത്തത് കൊണ്ട് അമ്മയുടെ മുന്നിൽ മൗനം പാലിക്കാനെ സാധിച്ചുള്ളൂ.
ഒരുപാട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് കുടുംബത്തിലെ ഒരു വിവാഹത്തിന് കൂടിയത് അതും വർഷത്തിലെ അവസാന ദിനം...ഒരുപാട് കുടുംബ അംഗങ്ങളെ കണ്ടുമുട്ടാൻ സാധിച്ചു.കൂട്ടത്തിൽ ഫ്ബിയിൽ നിന്നു കിട്ടിയ ഒരു പ്രിയ സുഹൃത്തിനെയും...എപ്പോഴും മുഖത്തു കാണുന്ന പുഞ്ചിരി ആണ് ഞാൻ ആദ്യം അവരെ ശ്രദ്ധിക്കാൻ കാരണം.എഴുതുന്ന കാര്യങ്ങളിൽ ഉള്ള മിതത്വം...ആശയങ്ങളിൽ ഉള്ള ഉറച്ച നിലപാട്.. വാഗ്വാദങ്ങളിൽ പോലും കാണിക്കുന്ന സംയമനം ഇവയൊക്കെ അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു എന്ന് എന്ന് നേരിൽ കണ്ടപ്പോഴും മനസ്സിലായി. Jalaja sree acharya.. ഞാൻ സ്നേഹപൂർവ്വം ജലജ vonni എന്നാണ് വിളിക്കാറ്... ബിജെപിയുടെ എറണാകുളം ജില്ല കമ്മിറ്റി അംഗമാണ്... എന്നെ കാണാൻ ഓടി വരികയും കുടുംബത്തിന്റെ ഒപ്പം സമയം ഒരു മണിക്കൂറോളം ചെലവഴിക്കുകയും ചെയ്തു.
ചില സൗഹൃദങ്ങൾ അങ്ങിനെയാണ്..എവിടെ നിന്ന് എന്നറിയാതെ ഓടി വരികയും നമ്മുടെ ഉള്ളിൽ ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.ഓരോ വ്യക്തിയും നമ്മുടെ ജീവിതത്തിൽ കടന്നു വരുന്നത് ഓരോ നിയോഗങ്ങളും കൊണ്ടാണ്...അവരുടെ സന്തോഷങ്ങളിലെ ഒരു പങ്ക്... അല്ലെങ്കിൽ വേദനയുടെ ഒരു തുണ്ട്...അവർ നമുക്ക് നേരെ നീട്ടും...സന്തോഷത്തിൽ പങ്കുകൊണ്ടു വേദനയിൽ നിന്നൊരു ആശ്വാസവും അവർക്ക് നൽകി ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടത് നമ്മുടെ ചുമതല....ഓടി വരുന്ന സ്നേഹങ്ങൾക്കും സങ്കടങ്ങൾക്കും സ്വാഗതം...നിങ്ങൾക്ക് വേണ്ടി കരയാനും ..നിങ്ങളുടെ സങ്കടങ്ങളിൽ പങ്കു ചേരാനും..നിങ്ങളുടെ സന്തോഷത്തിൽ നിന്ന് ഒരു തുണ്ട് നുണയാനും എന്നും എനിക്ക് ആവട്ടെ.ഭൂമിയിലെ എല്ലാ സ്നേഹങ്ങൾക്കും സൗഹൃദങ്ങൾക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സര ആശംസകൾ.
Comments
Post a Comment