വാർത്തകളിൽ നിറയുന്നവർ
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ കുട്ടികളോട് പത്രം വായിക്കാൻ പറയാറില്ല.ആദ്യമെല്ലാം കുട്ടികൾ അസംബ്ലിയിൽ പത്രം കൊണ്ടുവന്ന് വാർത്തകൾ നേരിട്ട് വായിക്കുകയായിരുന്നു...പിന്നീട് ഞാൻ അത് അധ്യാപകരെ കൊണ്ട് അടയാളപ്പെടുത്തി കൊടുത്തു അത് മാത്രം വായിപ്പിക്കാൻ പറഞ്ഞു.ഇപ്പോൾ വാർത്തകൾ അദ്ധ്യാപകൻ എഴുതിക്കൊടുത്തു അവ മാത്രം വായിച്ചാൽ മതി എന്നാക്കി.. ടി വി വാർത്തകൾ കാണാൻ ഞാൻ ഇപ്പോൾ കുട്ടികളോട് അവശ്യപ്പെടാറെ ഇല്ല.
കുറച്ചു വർഷങ്ങൾ കൊണ്ടുള്ള മാറ്റമാണ് പത്രങ്ങളും ചാനലുകളും വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതിന് പകരം ചില പ്രത്യേക വാർത്തകൾ മാത്രം തിരഞ്ഞെടുത്തു അവരുടെ താൽപ്പര്യങ്ങൾ കുട്ടികളിലേക്കും മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കുന്നു.അവയ്ക്ക് സത്യവുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കണം എന്നൊരു നിർബന്ധവും ആർക്കും ഇല്ലാതായിരിക്കുന്നു .
ഈയിടെയായി പത്രത്തിന്റെ മുൻപേജിൽ തന്നെ പീഡന വാർത്തകൾ ആണ് നിറയെ.ഒരു കുട്ടി ഏറ്റവും സുരക്ഷിതമായി ഇരിക്കുക സ്വന്തം വീട്ടിലാണ്.പക്ഷേ വീടാണ് വീട്ടിൽ ഉള്ളവരാണ് കുട്ടിക്ക് എതിരായി വരുന്നതോ സ്വന്തം രക്ഷകർത്താക്കളോ ബന്ധുക്കളോ ആണ് കുട്ടിയെ പീഡിപ്പിക്കുന്നത് എങ്കിലോ ആരാണ് കുട്ടിക്ക് അഭയമാവുക .?ഈ ചോദ്യം ഞാൻ എന്നും എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. ഉത്തരം കിട്ടിയത്..കുഞ്ഞുങ്ങളെ തന്നെ ഇതിന് എതിരായി പ്രതികരിക്കാൻ പഠിപ്പിക്കുക എന്നതാണ്.അവർക്ക് നല്ല സ്പർശം ,ചീത്ത സ്പർശം എന്നിവയെ പറ്റി പറഞ്ഞു കൊടുത്തു അതിന് എതിരായി പ്രതികരിക്കാൻ ശീലിപ്പിക്കുക.അതു മാത്രമേ ഉള്ളൂ ഏക പ്രതിരോധ മാർഗ്ഗം. ബാഡ് ടച്ച് നോട് നോ പറയുക ...എന്ന മാർഗ്ഗം കുട്ടികൾ നന്നായി വിനിയോഗിക്കുന്നുമുണ്ട്.
സത്യം, ന്യായം ,നീതി..മുതലായ സദ്ഗുണങ്ങൾ വളർത്തേണ്ട മാതാപിതാക്കൾ തന്നെ അവ ജീവിതത്തിൽ പകർത്താതെ കുട്ടികളോട് പ്രസംഗിക്കുന്നത് ആരോചകം തന്നെയാണ്.പല വിഷയങ്ങളും മോശമായ രീതിയിൽ തന്നെയാണ് മാതാപിതാക്കൾ കൈകാര്യം ചെയ്യുന്നത്...
പുതുതായി ചേർന്ന് വിദ്യാലയത്തിൽ സ്നേഹം ദയ അനുകമ്പ എന്നീ വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ പരിഹസിക്കപ്പെടുന്നു എന്നും... കൊച്ചു കുട്ടികൾക്കിടയിൽ പോലും ആണ് പെണ്ണ് എന്ന വേർ തിരിവും,ജാതി മത പെരുമാറ്റ വ്യത്യാസങ്ങളും ഉണ്ടെന്ന് ഇന്നലെ എന്നെ കാണാൻ വന്ന എന്റെ പഴയ കുട്ടികൾ എന്നോട് വിഷമത്തോടെ പറഞ്ഞു.
ഏറ്റവും എന്നെ മാനസികമായി വിഷമിപ്പിക്കുന്നത് സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന കുടുംബങ്ങളിലെ രക്ഷകർത്താക്കൾ തന്നെയാണ്. സമൂഹത്തിന്റെ status സിംബൽ ആയ കാറും ബംഗ്ലാവും വീട്ടിൽ ഫ്രിഡ്ജും വാഷിംഗ് മെഷിൻ ഉം എയർ കൻഡീഷൻ നും ഉള്ളവർ ഒരു വർഷത്തോളം സ്കൂൾ ഫീസോ വാൻ ഫീസോ പരീക്ഷ ഫീസോ അടയ്ക്കാതെ കുട്ടികളെ സ്കൂളിൽ അയയ്ക്കുകയും പിന്നീട് വലിയ ഡോനേഷനും ഫീസും അടച്ചു സമൂഹത്തിലെ status ന് മാച്ച് ചെയ്യുന്ന വിദ്യാലയങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്ന ആളുകൾ കുട്ടികൾക്ക് എന്തു മൂല്യമാണ് പറഞ്ഞു കൊടുക്കുന്നത്.
സത്യം ,ന്യായം, നീതി എന്നിവയെ പറ്റി വാ തോരാതെ സംസാരിക്കുന്ന ഇവർ കുട്ടികളുടെ മുന്നിൽ വച്ചു തന്നെ മോശമായ നിലപാട് കൾ പ്രകടിപ്പിക്കും..വീട്ടിൽ ഞാൻ പറഞ്ഞാൽ കേൾക്കില്ല ടീച്ചർ പറഞ്ഞാലേ അനുസരിക്കൂ എന്ന് മധുരമായി സംസാരിക്കുന്ന ആളുകൾ കുട്ടികൾക്ക് മുൻപിൽ വച്ചു അതേ അധ്യാപകരെ കുറിച്ചു മോശമായി സംസാരിക്കുന്നത് കുട്ടികൾ വിവരിക്കുന്നത് കേൾക്കാൻ സാധിച്ചിട്ടുണ്ട്. Housing ലോൺ ഉം കാറിന്റെ ലോണും അടച്ചു കഴിഞ്ഞു ഫീസിന്റെ കാര്യം ആലോചിക്കാം എന്നു കുട്ടികളോട് പറയുന്ന മാതാപിതാക്കളെയും എനിക്കറിയാം.ഇവർ ജീവിതത്തിൽ എന്തിനാണ് പ്രാധാന്യം കൊടുക്കുന്നത്.പണം സമ്പാദിക്കുക status നിലനിർത്തുക എന്നതിനും അപ്പുറം ഒരു ജീവിതമുണ്ടെന്ന് അവർ മറക്കുന്നു.
സ്വന്തം വീടിനും മാതാപിതാക്കൾക്കും നൽകാൻ പറ്റാത്ത മൂല്യങ്ങളും സുരക്ഷിതത്വവും മറ്റുള്ളവരിൽ നിന്ന് ലഭിക്കും എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് സ്വന്തം മാതാപിതാക്കൾ കാരണം എന്നത് വളരെ ദുഃഖകരം തന്നെ .സ്വന്തം ജീവിതമാണ് മക്കൾ കണ്ടു പഠിക്കുന്നത് എന്നും അവർ നമ്മുടെ തന്നെ ജീവന്റെ ഭാഗമാണെന്നും എന്നാണ് നമുക്ക് മനസ്സിലാകുക??
എന്നാണ് നമ്മൾ മൂല്യങ്ങൾ മുറുകെ പിടിച്ചു ജീവിക്കുന്നത് .വാക്കും പ്രവർത്തിയും ഒന്നാക്കുന്നത്....അന്ന് മാത്രമാണ് നമ്മളുടെ കുട്ടികൾ വീട്ടിലും നാട്ടിലും സുരക്ഷിതരാവുക.. അല്ലെങ്കിൽ ഇനിയും ആസിഫയും ..കണ്ണൂരിലെ പെണ്കുട്ടിയും..എണ്ണമില്ലാതെ പേരില്ലാത്ത പീഡിപ്പിക്കപെടുന്ന പെണ്കുട്ടികളും ..വാർത്ത പ്രധാന്യമില്ലാ ത്തത് കൊണ്ട് ചർച്ച ആവാതിരിക്കുന്ന പീഡനത്തിന് ഇരയാകുന്ന ആണ്കുട്ടികളുടെ എണ്ണവും ഇങ്ങനെ കൂടി കൊണ്ടേ ഇരിക്കും...ആവർത്തിച്ചു കൊണ്ടേയിരിക്കും.
മാറ്റം തുടങ്ങേണ്ടത് നമ്മളിൽ നിന്നു തന്നെയാണ്.. നമ്മുടെ എല്ലാം വീടുകളിൽ നിന്നും തന്നെ .
Comments
Post a Comment