അവനെൻ പ്രിയ തോഴൻ

*പോകേണ്ടതുണ്ടേറെ ദൂരം
ചെയ്തു തീർക്കുവാൻ ഉണ്ടേറെ കാര്യം...
ഇല്ല എനിക്കിനി നേരം
ചോർന്നു പോകുന്നെൻ ജീവിതതാളം*

ഇന്ന് വെളുപ്പിന് ഉള്ള ഉറക്കത്തിൽ അവൻ വീണ്ടും എത്തി... ഡിസംബറിൽ കുളിരുള്ള തണുപ്പിൽ ,ഫ്ലാനലിന്റെ ഇളം ചൂടിൽ , സുഖമായി ഉള്ള ഉറക്കത്തിൽ ,അവന്റെ വരവ്  ഒരു അലോസരം പോലെയാണ് തോന്നിയത്. ഇടയ്ക്കിടെ ഉള്ള ഈ വരവ് പതിവ് ആയതുകൊണ്ട് ഇത്തവണ  എനിക്ക് ഒട്ടും  ഭയം തോന്നിയില്ല.എന്നെങ്കിലും അവൻ വരുമെന്നും കൂടെ ചെല്ലേണ്ടി വരും എന്നതും ഒരു സത്യമായി ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ടാവാം.. ഞാൻ അവനെ നോക്കിക്കൊണ്ട് നിശബ്ദമായി കിടന്നു.

ഉറക്കം നേർത്ത മയക്കം പോലെ എന്നെ വന്ന് മൂടുന്നത് ഞാൻ അറിഞ്ഞു.സൂര്യൻ ഉദിച്ചതും വെളിച്ചം പരന്നതും ,അരിമണികൾ കൊത്തിപ്പെറുക്കാൻ ദിവസവും വരുന്ന കാക്കകളും കിളികളും എന്നെ കാണാതെ അടുക്കള മുറ്റത്ത് വന്ന് കൂവിവിളിച്ചതും ഒന്നും അറിയാതെ ഞാൻ  നീണ്ട് നിവർന്ന് കിടന്നു...മരണം തൊട്ടത് പോലെ...

ആലസ്യത്തോടെയാണ് ഉണർന്നെഴുന്നേറ്റത്..ശരീരം മുഴുവൻ വേദനിച്ചു... ..ഒരു രാത്രി മുഴുവൻ അവൻ എന്റെ ആത്മാവിനെ ശരീരത്തിൽ നിന്ന് പുറം തള്ളുവാൻ  ശ്രമിച്ചത് പോലെ ,തളർന്നിരുന്നു. മുറ്റം മഞ്ഞുവീണ് നനഞ്ഞു കിടന്നിരുന്നു.പാദങ്ങളിൽ പഞ്ചസാര പോലെ  വെളുത്ത മണ്ണ് പറ്റിപ്പിടിച്ചു. നടപ്പാതയിൽ വീണുകിടക്കുന്ന ചെമ്പകപ്പൂക്കളുടെ ഇതളുകൾ എന്റെ കല്പാദങ്ങൾക്ക് അടിയിൽ പെട്ട് കിറുകിരാ ശബ്ദത്തിൽ ഞെരിഞ്ഞമർന്നു.  അവ ഒരു പൂക്കൾ വിരിച്ചലങ്കരിച്ച പാത പോലെ എന്നെ സ്വീകരിച്ചു.

പ്രഭാതം പൊൻവെയിലായി ചുറ്റിനും പരന്നു  തുടങ്ങിയിരുന്നു. വസന്തത്തിൽ പൊഴിഞ്ഞു വീണ ഇലകൾക്ക് ഇടയിൽ പുഴുക്കളെ തിരഞ്ഞു കൊണ്ട് മൈനകൾ കൂട്ടത്തോടെ അലഞ്ഞു നടന്നു.അവരുടെ ഒച്ചയും ബഹളവും  പ്രഭാതം വന്നെത്തി എന്നു വിളിച്ചറിയിച്ചു.  ഇലകൾ നഷ്ടപ്പെട്ട മര ചില്ലകൾക്ക് ഇടയിൽ വെളിച്ചം ഒളിച്ചു കളിച്ചു.മുറ്റത്ത്‌ കുടപോലെ പടർന്നു നിന്ന ചന്ദന മരത്തിന്റെ ഇലകൾ കുഞ്ഞു മഴപോലെ  എന്റെ തുളസി തറയ്ക്ക്  ചുറ്റും പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. 

മുറ്റത്തിന് അരികിൽ കരികിലകൾ കത്തിച്ച ചാരക്കൂനയിൽ നിന്ന് ഒരു കറുകറുത്ത കരിമ്പൂച്ച ഉണർന്നുവന്നു.അവന്റെ കണ്ണുകളിൽ ഉറക്കം നഷ്ടപ്പെട്ടത്തിന്റെ അലോസരം തെളിഞ്ഞു നിന്നു. കൈകാലുകൾ വലിച്ചു നിവർത്തി ശരീരം ഉയർത്തി അല്പനേരം അവൻ എന്റെ കണ്ണുകളിൽ തന്നെ തുറിച്ചു നോക്കി. അതെന്നെ സമയമായി എന്ന് ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു... ആ നിമിഷം പ്രഭാതത്തിൽ ഞാൻ കണ്ടത് സ്വപ്നമല്ലായിരുന്നു എന്നെനിക്ക് ഓർമ്മ വന്നു.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.