ടോട്ടോച്ചാൻ
അങ്ങിനെ എന്റെ ടോട്ടോച്ചാൻ ഇന്ന് എന്നെത്തേടിയെത്തി. എന്റെ കുഞ്ഞു സ്കൂളിനെ തലകീഴായി വെയ്ക്കാൻ...എങ്ങിനെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യണം എന്ന് എന്നെ പഠിപ്പിക്കാൻ..അവൾ എത്തി... അമ്മയോടൊപ്പം 40 km ഡ്രൈവ് ചെയ്താണ് വന്നത്.വരുമ്പോൾ അവർ വല്ലാതെ അസ്വസ്ഥയായിരുന്നു.
കുസൃതിക്കാരിയായ എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരിടത്ത് ഉറച്ചിരിക്കാത്ത ഈ മോളുമായി ആറു വയസ്സിനിടയിൽ പല സ്കൂളുകൾ മാറിയിരിക്കുന്നു. അവസാനത്തെ സ്കൂളിൽ നിന്ന് അടങ്ങിയിരിക്കാൻ മരുന്ന് വല്ലതും കൊടുക്കണം എന്ന നിബന്ധന സഹിക്കാൻ വയ്യാത്തത് കൊണ്ടാണ് അവർ ഇവിടെ അന്വേഷിച്ചു എത്തിയത്.ഇവിടെയും എടുത്തില്ലെങ്കിൽ എന്തുചെയ്യും എന്ന് അവർ സ്വയം പറയുകയും എന്നോട് ആവലാതിപ്പെടുകയും ചെയ്തു.
സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കൊച്ചു ടോട്ടോ..എന്റെ മേശയിലെ പേനയും പേപ്പറും എടുത്തുകൊണ്ട് പോയി.സ്കൂൾ ഗ്രൗണ്ടിൽ മൊത്തം ഓടി നടന്നു.ചെറിയ കുട്ടികൾ മുതൽ വലിയ ചേച്ചിമാരോട് ഒക്കെ സംസാരിച്ചു.ബർത്ഡേ ആഘോഷത്തിന്റെ പങ്ക് ആയിക്കിട്ടിയ ലഡ്ഡു എന്റെ ഓഫീസ് മുറിയിൽ മുഴുവൻ പൊടിച്ചിട്ടു. പിടിച്ചു മാറ്റാൻ ശ്രമിച്ച എന്റെ സഹായിയായ ആയയ്ക്ക് പേപ്പർ വൈറ്റ് കൊണ്ട് ഒരു ഇടിയും കൊടുത്തു.ഞാൻ കൊടുത്ത ഒരു പാക്കറ്റ് ചായപെന്സിലുകൾ നെഞ്ചോട് അടുക്കി പിടിച്ചു എനിക്ക് നന്ദിയും പറഞ്ഞു അവൾ തിരിച്ചു പോയി.
അഡ്മിഷനുള്ള ഫോം പൂരിപ്പിച്ച് തരുമ്പോൾ അവളുടെ അമ്മ കണ്ണു നിറഞ്ഞ് ചോദിച്ചു..ഇത് എന്റെ മോളുടെ അവസാനത്തെ സ്കൂൾ ആയിരിക്കുമോ...എന്ന്. മക്കളെ ഞങ്ങൾ ഉപേഷിക്കാറില്ല എന്ന് ഞാൻ അവർക്ക് മറുപടി നൽകി. എന്റെ കൈകൾ കൂട്ടിപ്പിടിച്ചു അവർ എന്റെ കണ്ണുകളിലേക്ക് സ്നേഹവും നന്ദിയും നിറഞ്ഞ ഒരു പുഞ്ചിരി നൽകി യാത്രയായി.
Tottochan...
പത്തു വർഷങ്ങൾക്ക് മുൻപ് എന്റെ കൊച്ചു വിദ്യാലയം പിച്ചവെച്ചു തുടങ്ങിയ കാലത്തു എന്റെ യോഗ മാസ്റ്റർ ആണ് എനിക്ക് ഈ പുസ്തകത്തെ പറ്റി പറഞ്ഞുതരുന്നത്. കുട്ടികളെ യോഗ പഠിപ്പിക്കാൻ എത്തിയ മാസ്റ്റർ അവരെ ശാന്തരായി ഇരുത്താൻ ഉള്ള ബുദ്ധിമുട്ട്കൾ പറഞ്ഞപ്പോൾ യോഗയിലെ ശരീരചലനങ്ങൾ ശാന്തമായ സംഗീതവും ആയി ബന്ധപ്പെടുത്തിയാൽ അവർ അതിൽ കൂടുതൽ നിമഗ്രരാവുകയില്ലേ എന്ന എന്റെ ചോദ്യത്തിന് ടീച്ചർ ടോട്ടോച്ചാന് വായിച്ചിട്ടുണ്ട് അല്ലെ എന്നു ചോദിച്ചു. സ്കൂളിലെ സവിശേഷമായ പഠനരീതിയും കുട്ടികളോടുള്ള സമീപനവും..സ്കൂളിന് മുന്നിലുള്ള പടിപ്പുരയും ...സമീകൃതാഹാരം കഴിപ്പിക്കുന്നതിൽ ഉള്ള ശ്രദ്ധയും പഠനത്തിൽ ഉപരി മറ്റു കലകളിൽ ഉള്ള പരിശീലങ്ങളും ഒക്കെയാണ് അദ്ദേഹം അത് ചോദിക്കാൻ ഉള്ള കാരണം..ഇല്ല എന്നുപറഞ്ഞപ്പോൾ അദ്ദേഹം എനിക്ക് ആ പുസ്തകം കൊണ്ടു തന്നു.അതിലെ കാഴ്ച്ചപ്പാടുകൾ പലതും ഞാൻ സ്കൂളിൽ നടപ്പിലാക്കിയവ ആയിരുന്നു. പ്രകൃതിയോട് ഇണങ്ങി നിർമ്മിച്ച ക്ലാസ് മുറികളും.. കുഞ്ഞുങ്ങളോടുള്ള സമീപനവും അത്ഭുതകരമായി സാദൃശ്യമുള്ളതായിരുന്നു.
ടോട്ടോച്ചാനെപോലെ ഉള്ള ഒരു കുട്ടി എന്റെ വിദ്യാലയത്തിൽ വന്നാൽ എന്തുചെയ്യും എന്നു ഞാൻ ആലോചിച്ചിട്ടുണ്ട്.പല പ്രശന്ങ്ങൾ ഉള്ള 60 ഓളം കുട്ടികളെ പരിശീലിപ്പിച്ചു വിജയിപ്പിച്ചിട്ടുണ്ടെങ്കിലും ടോട്ടോചാനെപ്പോലെ ഉള്ള ഒരു കുട്ടി ഒരു വെല്ലുവിളി തന്നെയാണ്...അവളെ മിടുക്കിയാക്കി സ്നേഹവും അനുസരണയും ഉള്ള മിടുക്കിയാക്കുക...ഈ വർഷത്തെ എനിക്ക് ഈശ്വരൻ തന്ന വെല്ലുവിളി തന്നെ.ഇത്രയും വർഷത്തെ അനുഭവ പരിചയവും ഈശ്വരാനുഗ്രഹവും ഉണ്ടെങ്കിൽ എനിക്കത് സാധ്യമാകും എന്നാണ് പ്രതീക്ഷ.
ജപ്പാനിലെ പ്രശസ്തയായ ടെലിവിഷൻപ്രതിഭയും യുനിസെഫിന്റെ ഗുഡ് വിൽ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പ്രശസ്തമായ ഗ്രന്ഥമാണു ടോട്ടോചാൻ, ദ ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡ . ഇതിൽ ടോമോ ഗാക്വെൻ എന്ന സ്ഥലത്തെ തന്റെ തന്നെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് വിവരിച്ചിരിക്കുന്നത്. ടോട്ടോചാൻ എന്ന വികൃതിയായ പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ ഈ കൃതി കാട്ടിത്തരുന്നു. കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായി ടോട്ടോചാൻ ഈ അനുഭവകഥയിൽ നിറഞ്ഞു നിൽക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാർ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങൾ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. കേരളത്തിൽ നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റർതന്റെ ടോമോ എന്ന സ്കൂളിൽ നടപ്പാക്കിയിരുന്നു. പല രാജ്യങ്ങളിലേയും അധ്യാപന പരിശീലന കോളേജുകളിൽ ടോട്ടോചാൻ ഒരു പഠനവിഷയമാണ്
Comments
Post a Comment