**ശ്രീരാമചന്ദ്രനുക്ക്  ജയ മംഗളം
നല്ല ദിവ്യമുഖചന്ദ്രനുക്ക് ശുഭമംഗളം
രാജാധിരാജനുക്ക് രവികുലസോമനുക്ക്
വീരാധിവീരനുക്ക് രാക്ഷസ സംഹാരനുക്ക് ജയ മംഗളം.
  ശ്രീരാമ ചന്ദ്നുക്ക് ജയ മംഗളം.. **

അരുണാചല കവി കമ്പോസ് ചെയ്തത് ഖരഖരപ്രിയ രാഗം,ആദിതാളം..തമിഴ് ഭാഷ കൃതി.

ഗൗഡ സരസ്വാത ബ്രാഹ്മണരുടെ പ്രധാനപ്പെട്ട എല്ലാ ചടങ്ങുകളും അവസാനിക്കുന്നത് ചടങ്ങിൽ പങ്കെടുത്ത എല്ലാ സ്ത്രീജനങ്ങളും ഒരുമിച്ചു നിലവിളക്കിന്റെ മുന്നിൽ നിന്ന് ആ കുടുംബത്തിന്റെ ആയുരാരോഗ്യ സൗഭാഗ്യത്തിന് ആയി ശോഭന് എന്നു വിളിക്കുന്ന ഒരു ഗാനവും മംഗളവും ആലപിച്ചു അവരെ ആശീർവദിച്ചു കൊണ്ടാണ്.

ശ്രീരാമനും സീതയും കുടുംബവും എങ്ങിനെ സൗഭാഗ്യത്തോടെ ജീവിച്ചുവോ അതുപോലെ ധനധാന്യ സമ്പത്തും ബഹുപുത്രലാഭവും ആയി ജീവിക്കണം എന്ന ആശിർവാദമാണ് അത്.ഒരു ചടങ്ങിലെ എറ്റവും ആനന്ദകരവും അഭിമാനം നിറഞ്ഞതുമായ നിമിഷങ്ങൾ എപ്പോഴും ഇതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ആ ചടങ്ങിൽ വളരെ ആനന്ദ പൂർവം ആണ് പങ്കെടുത്തിട്ടുള്ളത്.

ഇന്നലെ എന്റെ അനിയന്റെ മോന്റെ ഉപനയനം ആയിരുന്നു. ഷോടശ ക്രിയകൾ പൂർണമായും വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്ന ഗൗഡ സരസ്വാതർ ഇന്നും ഉപനയനം എന്നത് വളരെ പ്രാധാന്യത്തോടെയാണ് ആചരിക്കുന്നത്.വിപുലമായ ചടങ്ങിന് പകരം കുടുംബാംങ്ങൾ മാത്രം  ഉൾപ്പെട്ട ചനടങ്ങുകൾക്ക് പ്രാധാന്യം നൽകിയാണ് നടത്തപ്പെട്ടത്.

  ചോറൂണ്, നാമകരണം,ചൗളം തുടങ്ങിയ പല ചടങ്ങുകളും ഇപ്പോൾ നടത്തപ്പെടുക കുറവായത് കൊണ്ട് അവ എല്ലാം ഈ അവസരത്തിൽ ചെയ്യുകയാണ് പതിവ്. പുലർച്ചെ നടത്തുന്ന ഗണപതി ഹവനത്തോടെ ആരംഭിച്ച ചടങ്ങുകൾ മംഗളം പാടി അവസാനിപ്പിച്ചു.

ഉപനയനത്തോടൊപ്പം ഒരു കുടുംബ സംഗമം ആണ് നടന്നത്.പലപ്പോഴും വർഷങ്ങളായി കാണാതിരുന്ന പലരും കണ്ടുമുട്ടിയത് കൗതുകമായി.പഴയ കാലത്തെ പോലെ കുട്ടികൾ ഒരുമിച്ചു കൂടി കളിയും ചിരിയും ഒരുമിച്ചുള്ള ഉറക്കവുമായി ഒത്തുകൂടി.

പിരിയുമ്പോൾ എല്ലാവരും പരസ്പരം നമ്പറുകൾ കൈമാറുകയും തലമുറകൾ തമ്മിൽ ഉള്ള ബന്ധങ്ങൾ ഉറപ്പിക്കുകയും ചെയ്തു.

ആഘോഷങ്ങളും ആചാരങ്ങളും വെറും ചടങ്ങുകൾ മാത്രം ആക്കാതെ അവയെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ഒത്തുചേരുന്ന സംഗമങ്ങൾ ആക്കി തീർക്കുകയാണെങ്കിൽ ഒരു പരിധി വരെ അണുകുടുംബാംഗങ്ങളിൽ ഉണ്ടാവുന്ന പ്രശ്‌നങ്ങൾക്ക്  പരിഹാരം ഉണ്ടാവും.. അതിന്റെ തുടക്കം ഇവിടെ നിന്ന് അവട്ടെ.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.