കാലോസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ

ലോകാൻ സമാഹർത്തുമിഹ പ്രവൃത്തഃ

ഋതേ (അ )പി ത്വാം ന ഭവിഷ്യന്തി സർവ്വേ

യേ (അ ) വസ്ഥിതാഃ പ്രത്യനീകേഷു യോധാഃ


 ഞാൻ ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്നു . ഇപ്പോൾ ലോകത്തെ സംഹരിക്കാനുള്ള പ്രവൃത്തിയിലാണ് വ്യാപൃതനായിരിക്കുന്നത് . യുദ്ധത്തിൽ നീ എതിരിടുന്ന യോദ്ധാക്കളിൽ നീയൊഴിച്ച് മറ്റാരും ശേഷിക്കുകയില്ല . ഇനി നീ യുദ്ധം ചെയ്തില്ലെങ്കിൽ പോലും ഈ നിൽക്കുന്ന യോദ്ധാക്കളിൽ ആരും ജീവനോടെ ശേഷിക്കുകയില്ല .

ഇത് ഭഗവാൻ കൃഷ്ണൻ മഹാഭാരതയുദ്ധസമയത്ത്  അര്ജുനനോട് പറയുന്നതാണ്....

 ഇന്ന് കണ്ണനെ കാണാൻ അമ്പലപ്പുഴ ക്ഷേത്രത്തിൽ എത്തിയപ്പോൾ ഉള്ളിൽ വന്ന വരികൾ എന്നിവ...കാലങ്ങൾ എത്ര കഴിഞ്ഞാലും  ഇന്നും പ്രസക്തം.. യുദ്ധമാണ് നമുക്ക് ചെയ്യേണ്ടി വരുന്നത് എങ്കിൽ എതിരെ വരുന്നത് ആരുതന്നെയായാലും അവർ ശത്രുക്കൾ തന്നെ....സംഹരിക്കേണ്ടവർ തന്നെ.  എന്താണോ നമ്മൾ ചെയ്യേണ്ടത് അതാണ് ധർമ്മം.  ഫലം തരേണ്ടത് ഈശ്വരൻ മാത്രം.

മാസത്തിൽ ഒരിക്കൽ എങ്കിലും അമ്പലപ്പുഴ വന്ന് കണ്ണനെ കാണുന്നത് ഒരു ശീലം തന്നെ ആയിരിക്കുന്നു...ക്ഷേത്രത്തിലെ സോപാന സംഗീതവും അഭിഷേകങ്ങളും  ശീവേലിയും എല്ലാം ചേർന്ന്  എപ്പോഴും അഭൗമമായ ഒരു അനുഭൂതിയാണ് ഉള്ളിൽ ഉണ്ടാവുക.

കണ്ണൻ ഓടക്കുഴൽ വായിച്ചിരിക്കുന്ന മണിക്കിണർ എന്നും ഒരു കൗതുകം തന്നെ...അമ്പലത്തിൽ നടക്കുന്ന ശീവേലിയും  നാടക ശാലയിലെ പരിപാടികളും  കൂത്തു മണ്ഡപത്തിൽ അരങ്ങേറുന്ന കൂത്തും മണികിണറിന് മുകളിൽ ഇരുന്നാൽ നന്നായി കാണാൻ പറ്റും. ഓരോ തവണയും പ്രദക്ഷിണം വെയ്ക്കുമ്പോൾ കണ്ണനെ ഞാൻ എപ്പോഴും അവിടെ തിരയാറുണ്ട്.

കുറൂറമ്മയ്ക്കും വില്വമംഗലത്തിനും ദർശനം നൽകിയ കണ്ണൻ അതേ കുസൃതി ചിരിയുമായി എനിക്കും ഒരു ദിനം ദർശനം നൽകും...പടിപ്പുര കടന്ന് നടയ്ക്കൽ എത്തുന്നത്തിന് മുൻപ് തന്നെ അവന്റെ  സാന്നിധ്യം ഞാൻ അറിയാറുണ്ട്...അവന് നേദിച്ച പായസം കഴിക്കുമ്പോഴും...അവന് ചാർത്തിയ ചന്ദനം അണിയുമ്പോഴും അവന്റെ സ്പർശനം അറിയാറുണ്ട്....മുന്നിലും പിന്നിലും മാറി മാറി വന്ന് എന്നെ കളിപ്പിക്കുന്നതും ഞാൻ അറിയാറുണ്ട്.

എക്കറുകൾ നീണ്ട അമ്പലത്തിന്റെ എല്ലായിടത്തും അവന്റെ സാന്നിധ്യം ഉണ്ട്.. പാലും പഞ്ചസാരയും ഉണക്കലരിയും ചേർത്തു  കുറുക്കി വേവിച്ചു പായസം വെന്തു വരുന്ന തിടപ്പള്ളിയിലും....ആനക്കൊ ട്ടിലിലും ഗുരുവായൂർ നടയിലും...കുളത്തിന്റെ പടവിലും. ഒപ്പം ശ്രീകോവിലെ എല്ലാ ഉപചാരങ്ങളും ആനന്ദത്തോടെ സ്വീകരിച്ചു ചുണ്ടിൽ മായാത്ത പുഞ്ചിരിയുമായി എല്ലായിടത്തും അവനെ കാണാം..നിശബ്ദ സാന്നിധ്യമായി.

എന്നും അവന്റെ  സാന്നിദ്ധ്യം എന്റെ ഉള്ളിലും നിറഞ്ഞു നിൽക്കാൻ പ്രാർത്ഥിച്ചു കൊണ്ട് തിരിച്ചിറങ്ങുമ്പോൾ....അടുത്ത ദർശനത്തിനായി ഉള്ളം തുടിച്ചു കൊണ്ടേയിരുന്നിരുന്നു.


 



...



Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ